രണ്ടു മാസം മുന്‍പ്, കൈരളി ടിവിയില്‍ ജോലി ചെയ്യുന്ന അനിയനുമായി സംസാരിച്ചിരിയ്ക്കുമ്പോള്‍ ലാറ്റിനമേരിക്കയിലെ കുറെ ഇടതുപക്ഷ നേതാക്കള്‍ക്ക് തുടര്‍ച്ചയായി കാന്‍സര്‍ വരുന്നതിനെ കുറിച്ച് എന്തെങ്കിലും വാര്‍ത്തയോ വിവരമോ നെറ്റില്‍ വന്നത് കണ്ടിട്ടുണ്ടോ എന്ന് അവന്‍ ചോദിച്ചു. അവന്‍ ചെയ്യുന്ന പ്രതിവാര വാര്‍ത്താവലോകന പരിപാടിയായ "മാറുന്ന ലോകം" എന്ന പരിപാടിയ്ക്ക് വേണ്ടിയുള്ള ഒരു വാര്‍ത്തയുടെ അന്വേഷണത്തിലായിരുന്നു അവന്‍. .....,. പലര്‍ക്കും കാന്‍സര്‍ ആണ്, ചികിത്സയിലാണ് എന്നൊക്കെയുള്ള വാര്‍ത്തകള്‍ കണ്ടിരുന്നു എന്നല്ലാതെ മറ്റൊന്നും തന്നെ ഞാന്‍ ഇതിനെ പറ്റി വായിച്ചിട്ടില്ലായിരുന്നു. ഇങ്ങനെ തുടരെ തുടരെ ചിലര്‍ക്ക് മാത്രം ഈ അസുഖം വരുന്നതിനെ പറ്റി അന്ന് അവന്‍ സംശയം പ്രകടിപ്പിച്ചു. അതിനെ ബേസ്ചെയ്തു ഒരു സ്റ്റോറി ചെയ്താലോ എന്ന് അവനൊരു ആഗ്രഹം ഉണ്ടായിരുന്നു. നിന്റെ ചാനല്‍ ആയതു കൊണ്ട് ആദ്യ സംശയം സി. ഐ . എ. യെ തന്നെ ആയിരിക്കുമല്ലോ അല്ലെ എന്ന് ഞാന്‍ തമാശ പറയുകയും ചെയ്തു. എങ്കിലും സി. ഐ . എ.യുടെ ചരിത്രം നോക്കുമ്പോള്‍ സംശയിക്കാന്‍ വകുപ്പുണ്ട് താനും. കാസ്ട്രോയെ വധിയ്ക്കാന്‍ നോക്കിയ വഴികളെ കുറിച്ച് മാത്രം പ്രതിപാദിയ്ക്കുന്ന ഒരു പുസ്തകം തന്നെയുണ്ട്, Executive Action: 634 Ways to Kill Fidel Castroഎന്ന പേരില്‍ . എന്തായാലും പിന്നീട് ആ വാര്‍ത്ത അവന്‍ ചെയ്തില്ല, ആധികാരികത ഇല്ലാതെ വെറും സംശയം എന്ന പേരില്‍ , അതും കൈരളിയില്‍ , ഇതിനെ പറ്റി പ്രോഗ്രാം ചെയ്‌താല്‍ ചിലപ്പോള്‍ പരിഹസിയ്ക്കപ്പെടും എന്ന കാരണത്താല്‍ സംഭവം അന്ന് ഉപേക്ഷിച്ചു.
ആദ്യം ഷാവേസ്, പിന്നെ ലുല സില്‍വ, ദില്‍മ രൂസേഫ്, ഫെര്‍ണാണ്ടോ ലുഗോ , ഇന്നലെ ദാ, ക്രിസ്റ്റിന ഫെര്‍ണാണ്ടസ്.ഇങ്ങനെ നീളുന്നു കാന്‍സര്‍ ബാധിതരുടെ പട്ടിക. ഇന്ന് ഇതാ സാക്ഷാല്‍ ഹ്യുഗോ ഷാവേസ് തന്നെ വെടിപൊട്ടിച്ചിരിയ്ക്കുന്നു. ലാറ്റിനമേരിക്കന്‍ കാന്‍സര്‍ ബാധ ഒരു യു. എസ്. പ്ലോട്ട് ആണോ എന്ന സംശയം അദ്ദേഹം പ്രകടിപ്പിചിരിയ്ക്കുന്നു. താന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല എന്നും ഇക്കാര്യത്തില്‍ തന്റെ കയ്യില്‍ തെളിവൊന്നുമില്ല എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം ബോളിവിയയിലെ ഇവോ മൊറയില്‍സിനും ഇക്വഡോറിലെ റാഫേല്‍ കൊറേയയ്ക്കും സൂക്ഷിച്ചുകൊള്ളാന്‍ ഒരു മുന്നറിയിപ്പും കൊടുത്തിട്ടുണ്ട് .
സി. ഐ. എ. ആണ് സംഘടന, അമേരിക്കയാണ് രാജ്യം, ഈ ലോകം തന്നെയാണ് കളിക്കളം എന്ന ലൈനില്‍ ചിന്തിച്ചാല്‍ ഇതല്ല ഇതിന്റെ അപ്പുറവും വേണമെങ്കില്‍ നടക്കാം. ഏതോ Radioactive poison ക്രമമായി ഉപയോഗിച്ച് ഒരു റഷ്യന്‍ ചാരനെ ലണ്ടനില്‍ വെച്ച് തട്ടിക്കളഞ്ഞു എന്ന ഒരു ആരോപണം വ്ലാദിമിര്‍ പുടിനെതിരെയും ഉയര്‍ന്നു വന്നിരുന്നു എന്നൊക്കെ ആലോചിയ്ക്കുമ്പോള്‍ എന്തും സാധ്യമാണ് ഈ ലോകത്ത് എന്നത് മാത്രം സത്യം.