ബ്രഹ്മാനന്ദന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ നാട് കടയ്ക്കാവൂര്‍ . പണ്ട് , അറുപതുകളില്‍ അച്ഛന്റെയും സുഹൃത്തുക്കളുടെയും മുന്കയ്യില്‍ നടത്തിയിരുന്ന ഒരു പാട് നാടകങ്ങളില്‍ ബ്രഹ്മാനന്ദന്‍ വന്നു പാടിയിട്ടുണ്ട്. പിന്നീട് സിനിമയുടെ പ്രശസ്തിയിലേക്കും തിരക്കുകളിലെയ്ക്കും പോയപ്പോഴും അച്ഛനുമായുള്ള ബന്ധം അദ്ദേഹം തുടര്‍ന്നിരുന്നു. വളരെക്കാലം കഴിഞ്ഞു ഒരു ദിവസം തന്റെ ഒരു അയ്യപ്പ ഭക്തി ഗാന കസറ്റുമായി അദ്ദേഹം കിളിമാനൂരില്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. നൂറോളം കാസറ്റുകള്‍ അച്ഛനെ ഏല്‍പ്പിച്ചു. പരിചയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കാന്‍. ആ സമയത്ത് അദ്ദേഹത്തിന് പാട്ടില്‍ നിന്നുള്ള വരുമാനം കുറവായിരുന്നിരിയ്ക്കണം എന്ന് തോന്നുന്നു .അതിനു ശേഷം ഞങ്ങളുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കുറെ പാട്ടുകള്‍ അവിടെയിരുന്നു പാടി. പ്രിയമുള്ളവളെ, താരകരൂപിണി, മാനത്തെ കായലിന്‍ ..ഓരോന്നായി ഇങ്ങനെ വന്നു തുടങ്ങി. ഞങ്ങളുടെ പഴയ പാനസോണിക്കില്‍ അത് റിക്കോഡു ചെയ്തു കൊണ്ട്നിരുന്നു. ഓരോ പാട്ടിനു മുന്‍പും ശേഷവും തന്റെ ഓരോരോ സിനിമാ അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.
അദ്ദേഹത്തിന്റെ മലയത്തിപെണ്ണ് അപ്പോഴേയ്ക്കും റിലീസ് ആയിരുന്നു. അതിലെ ആ മനോഹരമായ പാട്ട് അദ്ദേഹം ഒന്ന് പാടിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ വിചാരിച്ചിരുന്നു. പക്ഷെ പറയാന്‍ മടി. പടം കണ്ടോ എന്നെങ്ങാനും ആരെങ്കിലും ചോദിച്ചാല്‍ പിന്നെ പ്രശ്നമാകും ....1989 ല്‍ ഡിഗ്രീ സെക്കണ്ട് ഇയര്‍ പഠിയ്ക്കുമ്പോള്‍ , ചിറയിന്‍കീഴ് ഖദീജയുടെ നയന മനോഹരമായ വെള്ളിത്തിരയില്‍ കളിച്ചു കൊണ്ടിരുന്ന മലയത്തി പെണ്ണിനെ, ആറ്റിങ്ങല്‍ കോളേജില്‍ നിന്നും തീര്‍ഥാടന സ്വഭാവത്തോടെ മാലയിട്ടു ഞങ്ങള്‍ പോയി കണ്ടതൊന്നും വീട്ടില്‍ മിണ്ടാന്‍ പറ്റില്ലല്ലോ. മിണ്ടിയില്ല. നമ്മടെ മനസ്സ് വായിച്ചിട്ടാണോ എന്തോ അദ്ദേഹം തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടു . ഞാന്‍ ട്യുണിട്ട ഒരു പാട്ട് ഉണ്ടെന്നു പറഞ്ഞു അതും പാടി. പ്രശസ്ത ഗായകര്‍ പാട്ടുകള്‍ പാടുന്നത് നേരിട്ട് അടുത്തിരുന്നു കേള്‍ക്കുക എന്നത് വേറൊരു അനുഭവമാണെന്ന് അന്നാണ് ആദ്യം മനസ്സിലായത് .
അന്ന് വീട്ടില്‍ ചിലവഴിച്ച രണ്ടോ മൂന്നോ മണിക്കൂറില്‍ സംഗീതം മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംസാര വിഷയം. അദ്ദേഹത്തിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ പറ്റിയും സിനിമാ രംഗത്തെ ഒതുക്കുകളെ പറ്റിയുമൊക്കെ അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം എല്ലാം ചെറു ചിരിയിലൊതുക്കി കൊണ്ട് മിണ്ടാതിരുന്നു. മറ്റൊരാളെ കുറിച്ചും ഉള്ള പരാതിയോ പരിഭവമോ വിദ്വേഷമോ അദ്ദേഹം അന്ന് ഞങ്ങളോട് പ്രകടിപ്പിച്ചില്ല എന്നത് ഞാന്‍ ഇപ്പോള്‍ ഒരു വിസ്മയത്തോടെയാണ് ഓര്‍ക്കുന്നത്. ഇന്നത്തെ സിനിമാരംഗത്തും സംഗീതരംഗത്തും ഉള്ള പടല പിണക്കങ്ങളും തമ്മിലടികളും പാര വെയ്പ്പുകളും നിരന്തരം മാധ്യമങ്ങളിലൂടെ കണ്ടു ജീവിയ്ക്കുന്ന നമുക്ക് ബ്രഹ്മാനന്ദന്‍ ഒരു പാഠമാണ്, മാതൃകയാണ് . ബ്രഹ്മാനന്ദന്‍ ഒരു തോല്‍വിയായിരിക്കാം , പക്ഷെ പലതും,പലരും കണ്ടു പഠിയ്ക്കേണ്ട ഒരു മഹത്തായ തോല്‍വി.
എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ബ്രഹ്മാനന്ദന്‍ ഗാനം ഇതാണ്
ബ്രഹ്മാനന്ദന്റെ പരാജയത്തില്‍ അദ്ദേഹത്തിന്റെ മദ്യപാനത്തിനുമ് വലിയ പങ്കുണ്ട്. തൊണ്ണൂറുകളിലൊരിക്കല്‍ ഞങ്ങളുടെ നാട്ടിലെ ഒരമ്പലത്തില്‍ ഗാനമേളയ്ക്ക് കുടിച്ച് കുന്തംമറിഞ്ഞ് വന്ന്, കാല്‍ഭാഗമായതേ നിര്‍ത്തേണ്ടി വന്നത് ഞാനോര്‍ക്കുന്നു. മകന്റെ ആദ്യ സ്റ്റേജാണതെന്ന് അദ്ദേഹം അന്നു പറഞ്ഞിരുന്നു.
ReplyDeleteപ്രതികരണൻ
ReplyDeleteതൊണ്ണൂറുകള്‍ ഒക്കെ ആകുന്നതിനു എത്രയോ മുന്‍പ് തന്നെ ബ്രഹ്മാനന്ദന്റെ സിനിമയിലെ കരിയര്‍ അവസാനിച്ചു കഴിഞ്ഞിരുന്നുവല്ലോ. അപ്പോള്‍ അദ്ദേഹത്തിന്റെ പരാജയത്തിന്റെ കാരണം അദ്ദേഹം നേരിട്ട അവഗണന തന്നെയാണ്. മദ്യപാനം പിന്നീട് വന്നു ചേര്‍ന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്