ഏഴാം മുദ്ര

ജാലകം

Sunday, November 28, 2010

ഏറ്റവും ജീവിത ഗന്ധിയായ വരികള്‍ !

അടച്ചിട്ടും അടച്ചിട്ടും ജന്മത്ത്‌ തീരാത്ത
മുടിഞ്ഞ ലോണുകളേ
എന്റെ നാല് സെന്റിലെ പ്ലാവിന്റെ കൊമ്പത്ത്
ഒരു മുഴം കയറില്‍ ഞാന്‍ തൂങ്ങിക്കോട്ടേ
ആഹാഹ ഓഹോഹോ ആഹാഹ ആ ആ ആ ...

( നീലഗിരിയുടെ സഖികളേ എന്ന മട്ടില്‍ )

കൈരളി ടി വി യിലെ ഒരു റിയാലിറ്റി ഷോയില്‍ കേട്ടതാണ്. ആര് എഴുതി, ആര് പാടി എന്നൊന്നും അറിയില്ല. മുഴുവന്‍ കേട്ടതുമില്ല.

Saturday, November 27, 2010

വനിതാ താലിബാനിസം!



കൊച്ചി സര്‍വകലാശാലയിലെ വനിതാ സംഘടനയായ കൊച്ചിന്‍ യൂനിവേര്‍സിറ്റി വിമന്‍സ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്, യൂണിവേര്സിറ്റി കാമ്പസില്‍ കഴിഞ്ഞ പതിനഞ്ചില്‍ അധികം വര്‍ഷങ്ങളായി നില നിര്‍ത്തിയിരുന്ന 'സാഗരകന്യക' എന്ന ഹരിത ശില്‍പ്പം വെട്ടി വികൃതമാക്കി. കാനായി കുഞ്ഞിരാമന്റെ യക്ഷിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു യൂണിവേഴ്സിറ്റിയിലെ തന്നെ തോട്ടക്കാരന്‍ ആയിരുന്ന ശ്രീ. വര്‍ഗീസ്‌ ആണ് പച്ചപ്പുല്ലില്‍ നിന്നും സുന്ദരമായ ഈ ശില്‍പ്പത്തിനു രൂപം കൊടുത്തത്. പെന്‍ഷന്‍ ആകുന്നതു വരെ അദ്ദേഹം തന്നെ അത് പരിപാലിയ്ക്കുകയും ചെയ്തു വന്നിരുന്നു.


2002 ഇല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൌണ്ടില്‍ അശ്ലീലമായ പടങ്ങളോ, ശില്‍പ്പങ്ങളോ വെയ്ക്കാന്‍ പാടില്ല എന്ന ന്യായം ഉപയോഗിച്ചാണ് വനിതാ സംഘടന ഈ പരാതി കൊടുത്തത്. ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യം ഒരു കലാസൃഷ്ടിയിലെ അശ്ലീലം കണ്ടുപിടിയ്ക്കുന്ന ജോലി ആരാണ് ചെയ്യേണ്ടത് എന്നാണ്. ഒരു വനിതാ സംഘടനയിലെ കുറച്ചു ആളുകള്‍ക്ക് തോന്നുമ്പോള്‍ മാത്രം അശ്ലീലം ഉണ്ടാവുമോ ?

കേരളത്തില്‍ വ്യാപകമായി വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ മുന്തിയ രൂപം ആണ് ഇവിടെ കാണുന്നത്. ഇഷ്ടമാവാത്തത് എന്തായാലും -- സിനിമ, നാടകം, പുസ്തകം, ചിത്രങ്ങള്‍, വേറിട്ട അഭിപ്രായം, പുതിയ ചിന്ത -- എന്തായാലും അതിനെ നശിപ്പിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് / നശിപ്പിച്ചു കൊണ്ട് നേരിടുക എന്നത് കേരളത്തിന്‌ ചേര്‍ന്നതല്ലെങ്കിലും, ഇപ്പോള്‍ കണ്ടുവരുന്നത് അത് തന്നെയാണ്. തങ്ങളുടെ ഇടുങ്ങിയ മഞ്ഞ കണ്ണുകളിലൂടെ മാത്രം എന്തിനെയും നോക്കിക്കണ്ട്‌ വിധി പ്രസ്താവിയ്ക്കുന്ന ഫാസിസ്റ്റ് രീതികള്‍ക്ക് , ഒരു സ്ത്രീ സംഘടനയും തങ്ങളുടേതായ സംഭാവന നല്‍കിയിരിക്കുന്നു.

എന്തായാലും, ഇതിനെതിരെ ശകതമായിട്ടുള്ള പ്രതികരണം ആണ് ഉയര്‍ന്നു വന്നത്. കുസാറ്റിലെ തന്നെ ഉദ്യോഗസ്ഥ ആയ പ്രശസ്ത കഥാകൃത്ത്, പ്രിയ എ . എസ്. അടക്കമുള്ളവരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഈ ശില്‍പ്പം നശിപ്പിയ്ക്കപ്പെട്ടത്‌.

കുസാറ്റില്‍ തന്നെ ജോലി ചെയ്യുമ്പോഴും, ഈ കൃത്യം തടയാന്‍ ആവാതെ പോയതില്‍ ശില്‍പ്പിയും സഹപ്രവര്‍ത്തകനും ആയ വര്‍ഗീസ് ചേട്ടനോട്, ഞാന്‍ വ്യക്തിപരമായി മാപ്പ് പറയുന്നു. ഒപ്പം തന്നെ, ശില്‍പ്പം പോയെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴും സജീവമായ കൈകളില്‍ നിന്ന് (ഭാഗ്യത്തിന് വനിതകള്‍ അത് ബാക്കി വെച്ചിട്ടുണ്ട് ) ഒരു നൂറു ശില്‍പ്പങ്ങള്‍ ഇനിയും വിരിയട്ടെ എന്നും ആശംസിയ്ക്കുന്നു.


(ഫോട്ടോ കടപ്പാട് : മലയാള മനോരമ)

ഭാവന - വനിതാ വേദി



സെമിനാര്‍

2010 നവംബര്‍ 28 ഞായര്‍ വൈകിട്ട് 4 മണിയ്ക്ക്

വിഷയം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീ സംവരണം --പ്രതീക്ഷകള്‍

Tuesday, November 16, 2010

പുലിജന്മം


കേരളപ്പിറവി - മലയാണ്മ
പ്രോഗ്രാം -3

മഹാത്മാ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തില്‍

ചലച്ചിത്ര പ്രദര്‍ശനം

പുലിജന്മം

സംവിധാനം : പ്രിയനന്ദനന്‍


നവംബര്‍ 17 ബുധനാഴ്ച വൈകിട്ട് 6 മണിയ്ക്ക്

തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയില്‍

Friday, November 12, 2010

ഓങ്‍ സാന്‍‌ സൂ കിയുടെ മോചനത്തിന് വഴിതെളിഞ്ഞു;


ഓങ്‍ സാന്‍‌ സൂ കിയുടെ മോചനത്തിന് വഴിതെളിഞ്ഞു; കരാറില്‍ പട്ടാളഭരണകൂടം ഒപ്പുവച്ചു


മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിയ്ക്കമെങ്കില്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടം കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി തടങ്കലില്‍ ഇട്ടിരിയ്ക്കുന്ന ജനാധിപത്യ പോരാളി ഓങ്‍ സാന്‍‌ സൂ കി സ്വതന്ത്രയാകുമെന്ന്‌ ഉറപ്പായിരിയ്ക്കുന്നു. സൂ കിയുടെ മോചനത്തിനുള്ള ഉത്തരവില്‍ പട്ടാള ഭരണകൂടം ഒപ്പുവച്ചു എന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 വര്‍ഷങ്ങള്‍ എന്നാണ് കണക്കെങ്കിലും പല തവണകളായി ഇരുപത്തൊന്നു വര്‍ഷങ്ങളോളമായി അവര്‍ തടവ്‌ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.

മ്യാന്മാറില്‍ കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടം വിജയിച്ചിരുന്നു എങ്കിലും സൂ കി ഈ വിവാദ തെരഞ്ഞെടുപ്പിനെ നിശിതമായി എതിര്‍ത്തിരുന്നു. അങ്ങനെ ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ അധ്യായങ്ങളില്‍ ഒന്നിന് ചിലപ്പോള്‍ നാളെ അവസാനം വന്നേയ്ക്കാം.

ഏറ്റവും ദുഃഖകരമായ വസ്തുത ഈ കാര്യത്തില്‍ ഉള്ള ഇന്ത്യയുടെ നിസ്സംഗത ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്ന്, മ്യാന്മാറിലെ മിലിട്ടറി ജണ്ടയ്ക്ക് ചൂട്ടു കത്തിച്ചു പിടിച്ചു കൊടുക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ഒന്നര ദശകങ്ങളായി കണ്ടു വന്നിരുന്നത്. പാലസ്തീനിലെയും ശ്രീലങ്കയിലെയും പോലുള്ള, വോട്ടു ബാങ്കുകളുമായി നേരിട്ട് ബന്ധമുള്ള, വമ്പന്‍ മനുഷ്യാവകാശ പ്രശ്നങ്ങളുടെ ഇടയ്ക്ക് നമ്മള്‍ ഇത് കണ്ടില്ല എന്ന് നടിച്ചു. രാഷ്ട്രീയവും സാമ്പത്തികവും ഭൂമിശാസ്ത്ര പരവും സൈനികവും ഒക്കെ ആയ കാരണങ്ങള്‍ പറഞ്ഞു നമ്മള്‍ മ്യാന്‍മാറിലെ തെമ്മാടി ഭരണകൂടത്തെ പിന്താങ്ങി, സഹായിച്ചു.

ആദ്യ ഘട്ടത്തില്‍ സൂ കി യുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ച ഇന്ത്യ തൊണ്ണൂറുകളുടെ മധ്യത്തില്‍ കളം മാറ്റി ചവിട്ടി തുടങ്ങി. ഇതിനു നാല് കാരണങ്ങള്‍ പ്രധാനമായി ചൂണ്ടി കാണിയ്ക്കപ്പെടുന്നു: മ്യാന്‍മാറിന്റെ സമ്പന്നമായ പ്രകൃതി വിഭവങ്ങള്‍, ഇന്ത്യയുടെ നോര്‍ത്ത് -ഈസ്റ്റിലെ പ്രശ്നങ്ങള്‍, സൌത്ത് -ഈസ്റ്റ്‌ ഏഷ്യയിലെ ഇന്ത്യന്‍ സാമ്രാജ്യ മോഹങ്ങള്‍, പിന്നെ ഏറ്റവും വലിയ ഭീഷിണി ആയ ചൈന.
പട്ടാള ഭരണ കൂടത്തിന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് ചൈന ആയിരുന്നു. അതിന്റെ കൂടെ ഇന്ത്യയുടെ നിലപാടുകള്‍ കൂടി ചേര്‍ന്നതോടെയാണ് ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ഒന്നിന് ലോകം സാക്ഷ്യം വഹിച്ചു തുടങ്ങിയത്.

മ്യാന്മാറിന്റെ വരും നാളുകള്‍ എങ്ങനെ ആയിരിക്കും എന്ന് നമ്മള്‍ അറിയാന്‍ പോകുന്നതെ ഉള്ളൂ.

Thursday, November 4, 2010

വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ



കേരളപ്പിറവി - മലയാണ്മ
പ്രോഗ്രാം -2

വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ

നവംബര്‍ 5 വെള്ളിയാഴ്ച വൈകിട്ട് 5 മണിയ്ക്ക്

തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയില്‍

വൈലോപ്പിള്ളി കവിതാലാപനം
കുമാരി ലക്ഷ്മിദാസ്‌
മാമ്പഴം- കൈരളി ടി. വി. റിയാലിറ്റി ഷോ ജേതാവ്

ഉദ്ഘാടനം
എസ. രമേശന്‍

മുഖ്യ പ്രഭാഷണം
സുനില്‍ പി. ഇളയിടം

ആശംസ : ഡോ.കെ. ജി. പൌലോസ്