ഓങ്‍ സാന്‍ സൂ കിയുടെ മോചനത്തിന് വഴിതെളിഞ്ഞു; കരാറില്‍ പട്ടാളഭരണകൂടം ഒപ്പുവച്ചു
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിയ്ക്കമെങ്കില്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടം കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി തടങ്കലില്‍ ഇട്ടിരിയ്ക്കുന്ന ജനാധിപത്യ പോരാളി ഓങ്‍ സാന്‍ സൂ കി സ്വതന്ത്രയാകുമെന്ന് ഉറപ്പായിരിയ്ക്കുന്നു. സൂ കിയുടെ മോചനത്തിനുള്ള ഉത്തരവില്‍ പട്ടാള ഭരണകൂടം ഒപ്പുവച്ചു എന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 വര്‍ഷങ്ങള്‍ എന്നാണ് കണക്കെങ്കിലും പല തവണകളായി ഇരുപത്തൊന്നു വര്‍ഷങ്ങളോളമായി അവര്‍ തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.
മ്യാന്മാറില്‍ കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടം വിജയിച്ചിരുന്നു എങ്കിലും സൂ കി ഈ വിവാദ തെരഞ്ഞെടുപ്പിനെ നിശിതമായി എതിര്‍ത്തിരുന്നു. അങ്ങനെ ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ അധ്യായങ്ങളില്‍ ഒന്നിന് ചിലപ്പോള്‍ നാളെ അവസാനം വന്നേയ്ക്കാം.
ഏറ്റവും ദുഃഖകരമായ വസ്തുത ഈ കാര്യത്തില്‍ ഉള്ള ഇന്ത്യയുടെ നിസ്സംഗത ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്ന്, മ്യാന്മാറിലെ മിലിട്ടറി ജണ്ടയ്ക്ക് ചൂട്ടു കത്തിച്ചു പിടിച്ചു കൊടുക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ഒന്നര ദശകങ്ങളായി കണ്ടു വന്നിരുന്നത്. പാലസ്തീനിലെയും ശ്രീലങ്കയിലെയും പോലുള്ള, വോട്ടു ബാങ്കുകളുമായി നേരിട്ട് ബന്ധമുള്ള, വമ്പന്‍ മനുഷ്യാവകാശ പ്രശ്നങ്ങളുടെ ഇടയ്ക്ക് നമ്മള്‍ ഇത് കണ്ടില്ല എന്ന് നടിച്ചു. രാഷ്ട്രീയവും സാമ്പത്തികവും ഭൂമിശാസ്ത്ര പരവും സൈനികവും ഒക്കെ ആയ കാരണങ്ങള്‍ പറഞ്ഞു നമ്മള്‍ മ്യാന്‍മാറിലെ തെമ്മാടി ഭരണകൂടത്തെ പിന്താങ്ങി, സഹായിച്ചു.
ആദ്യ ഘട്ടത്തില്‍ സൂ കി യുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ച ഇന്ത്യ തൊണ്ണൂറുകളുടെ മധ്യത്തില്‍ കളം മാറ്റി ചവിട്ടി തുടങ്ങി. ഇതിനു നാല് കാരണങ്ങള്‍ പ്രധാനമായി ചൂണ്ടി കാണിയ്ക്കപ്പെടുന്നു: മ്യാന്‍മാറിന്റെ സമ്പന്നമായ പ്രകൃതി വിഭവങ്ങള്‍, ഇന്ത്യയുടെ നോര്‍ത്ത് -ഈസ്റ്റിലെ പ്രശ്നങ്ങള്‍, സൌത്ത് -ഈസ്റ്റ് ഏഷ്യയിലെ ഇന്ത്യന്‍ സാമ്രാജ്യ മോഹങ്ങള്‍, പിന്നെ ഏറ്റവും വലിയ ഭീഷിണി ആയ ചൈന.
പട്ടാള ഭരണ കൂടത്തിന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് ചൈന ആയിരുന്നു. അതിന്റെ കൂടെ ഇന്ത്യയുടെ നിലപാടുകള്‍ കൂടി ചേര്‍ന്നതോടെയാണ് ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ഒന്നിന് ലോകം സാക്ഷ്യം വഹിച്ചു തുടങ്ങിയത്.
മ്യാന്മാറിന്റെ വരും നാളുകള്‍ എങ്ങനെ ആയിരിക്കും എന്ന് നമ്മള്‍ അറിയാന്‍ പോകുന്നതെ ഉള്ളൂ.
No comments:
Post a Comment